Monday, February 28, 2011

പട്ടാറ

കുറുമ്പകരയിലെ രണ്ടു ഇടങ്ങള്‍ ആണ് പുതുവലും പട്ടാറയും. പട്ടാറയില്‍ പകലും പ്രേത സഞ്ചാരം ഉണ്ടെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. പരിസര പ്രദേശങ്ങളിലെ ഏറ്റവും വിശാലമായ പാഠം അവിടെയാണ്  അത് മാത്രമല്ല അവിടെ അണയും ഉണ്ട്. പുതുവലില്‍ക്കൂടി   ഒഴുകി ചരുവിള വഴി പട്ടാറയില്‍   എത്തുമ്പോള്‍ അവിടെ പഞ്ചായത്ത് വക അണ. അണയില്‍ പലകയിട്ടാല്‍  അണയ്ക്ക്   മുകളിലുള്ള തോട്ടില്‍ വെള്ളം പൊങ്ങും. ചരുവിളയില്‍ ഞങ്ങള്‍ കുളിക്കാന്‍ പോകുന്ന ഇടങ്ങളില്‍ വെള്ളക്കൂടുതല്‍ ആയിരിക്കും. തോട്ടില്‍ വെള്ളം പൊങ്ങിയാല്‍ പട്ടാറ വഴി പോകാം. അണയ്ക്ക്   മീതെ പലക ഇട്ടിരിക്കും. അതിലൂടെ പോകാം. പക്ഷെ ഒരുപാട് വെള്ളം കേറിയാല്‍ അണയും വയലും ഒക്കെ മുങ്ങി വിശാലമായ തടാകമായി പട്ടാറ വയല്‍ മാറും.  അപ്പോള്‍  പുതുവല്‍ വഴി ചുറ്റിക്കറങ്ങിയാണ്   ഞങ്ങള്‍ സ്കൂളില്‍ പോവുക. പട്ടാറയ്ക്കും പുതുവലിനും  ഇടയ്ക്കുള്ള ചരുവിളയിലാണ് ഞങ്ങള്‍ തോട്ടില്‍ കുളിക്കാന്‍ പോവുക. പട്ടാറയ്ക്കും താഴെ  നെടുവന്‍മണ്ണ്. അവിടെ ഒരു ഒവുണ്ട്. കൈതയും വാരിയും ചപ്പും ഒക്കെ ക്കൊണ്ട് കെട്ടിയ ഒരു ചിറ അവിടെ ഉണ്ട് . അതില്‍ നിന്ന് വെള്ളം ഓവിലൂടെ കയറ്റി അക്കരെയുള ഉയര്‍ന്ന നിലത്തു കൃഷി ഇറക്കാന്‍ ആണ്. പക്ഷെ ഓവിലൂടെ വെള്ളം ഒഴുക്കാന്‍ പറ്റാറില്ല. അതിനാല്‍ തോടിനു കുറുകെ ഒരു പാലമായി നാട്ടുകാര്‍ ഓവ് ഉപയോഗിച്ചു. പട്ടാറയില്‍ നട്ടുച്ചയ്ക്കും രാത്രിയിലും   പ്രേതസഞ്ചാരം ഉള്ളതായി   പണ്ട് കാലം മുതലേ നാട്ടുകാര്‍ വിശ്വസിക്കുന്നു. നട്ടുച്ചയ്ക്ക് അതിലെ പോയിട്ടുള്ള പലരെയും മാടന്‍ അടിച്ചിട്ടുണ്ട്. അതൊക്കെ അറിയാവുന്നത് കൊല്ലോടന്‍ മത്തായിക്കാണ്. മത്തായി വേലത്താന്‍ എന്ന് ഞങ്ങള്‍ വിളിക്കും. കൂടുതല്‍ അടുപ്പമുള്ള മുതിര്‍ന്നവര്‍ കൊല്ലോടന്‍ എന്ന് മാത്രം വിളിക്കും.  നാടന്‍പാട്ടും നാട്ടു വൈദ്യവുമായിരുന്നു കൊല്ലോടന്റെ കരുത്ത്‌. തമാശയുടെയും നാട്ടറി വുകളുടെയും ആശാന്‍ ആയിരുന്നു മത്തായി വേലത്താന്‍.

posted by
s.salimkumar